തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവ് വന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. ജനത്തിന് വൈദ്യുതി ഏറ്റവും ആവശ്യമുള്ള വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെയാണ് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം. വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഝാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്‌ഇബി പറയുന്നത്. സംസ്ഥാനത്തേക്ക് ലഭിക്കേണ്ട വൈദ്യുതിയിൽ ഇത് കാരണം അവിചാരിതമായ കുറവുണ്ടായി. ഇതിന് പുറമെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ വലിയ വർദ്ധനവുണ്ടായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് മുതൽ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവർ എക്‌സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. ഈ സാഹചര്യത്തിൽ വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച്
സഹകരിക്കണമെന്നാണ് അഭ്യർത്ഥന.
Poverty in electricity too. Restriction on usage started from 7 pm.